Tuesday, March 22, 2016

യാത്ര

യാത്ര


മിഴി നിറയുന്നു
മനമൊന്നു പിടഞ്ഞിടുന്നു
നിൻ ചാരെ നിന്നും
മെല്ലെ നീങ്ങിടുമ്പോൾ

ജനലിന്റെ തുരുമ്പിച്ച കമ്പികളിൽ
കൈകളമർത്തി
വിജനമാം വീഥിയിൽ നോക്കി നിന്നു നീ
എന്റെ വേർപാട്
വേദനയോടെ അറിഞ്ഞു കൊണ്ട്

കാലം എപ്പോഴോ ദാനമായി നല്കിയാ
പുതുജീവിതതിൻ പുലരിയായ് നീ
ഈറനണിയുന്ന നയനസൂനങ്ങളെ
നനുത്ത വിരൽകളാൽ മെല്ലെ തഴുകി

വേനലും മാരിയും ശൈത്യവും
ഒന്നിന് പുറകെയായി വന്നടുത്തു
അപ്പോഴും പതറാതെ നിഴൽപോലെ
നിന്റെ നേർത്ത സാമിപ്യം

മരണമൊരു പഥികനായി
പെട്ടെന്നൊരു ദിനം വാതിൽക്കൽ മുട്ടവേ
കഴിഞ്ഞില്ല ക്ഷണം നിരസിക്കുവാൻ
അറിഞ്ഞില്ല എത്ര നാൾ ബാക്കിയുണ്ടെന്നും

എവിടെ നിന്നു വന്നുവോ
അവിടേക്ക് തിരിച്ചൊരു പ്രയാണം
അനിവാര്യമാണെന്ന നഗ്നസത്യം
സിരകളിൽ ആഞ്ഞടിച്ചിടുന്നു
കൊടുങ്കാറ്റു പോലെ..

എൻറെ പട്ടട എരിഞ്ഞടങ്ങുമ്പോൾ
അതിൽ ആവിയായെൻ ദേഹം ഒടുങ്ങുമ്പോൾ
ഒരു നിമിഷം നിൻ മിഴി നിറഞ്ഞിടട്ടെ
എൻ യാത്രാമൊഴി ഓർത്ത്

1 comment: