Monday, March 14, 2016

രാത്രി

രാത്രി 

പകലിൻ വെണ്മയെ പകുത്തു മാറ്റി
വരികയായി..
ഇരുളിൻറെ പുതപ്പണിഞ്ഞ
നിശീഥിനി..


വിണ്ണിൽ നിന്നും ഭൂമിയിലൊഴുകുമീ
നിലാവിൻ ചാരുത തന്നതീ രാത്രി..
ഈറനാം തെന്നലിൻ സുഖമേകിയതുമീ
തമസ്സിൻ രാജ്ഞി..


സ്നേഹത്തിൻ മുല്ലമൊട്ടുകൾ
ഇണകളിൽ വിരിയിക്കുമീ സുഗന്ധ രാവിൻ
നിശബ്ദതയിൽ ഏതോ ഒരു ഗാനശകലം
 കേട്ടുറങ്ങുന്ന അനുഭൂതിയും..


ഒരു കൊച്ചു മെഴുതിരി തൻ വെട്ടത്തിൽ
പാഠങ്ങൾ ഉരുവിടുന്ന കുഞ്ഞിൻറെ
ആധിയറിഞ്ഞു കൊണ്ടവനെ 
പരിഹസിക്കുന്നീ രാത്രി..

നിദ്ര തൻ ഗർത്തത്തിലേക്ക്
ഏവരും തെന്നി വീഴുന്നോരാ നിശയിൽ
കാലടി കേൾക്കാതെ മെല്ലെ വന്നീടുന്നു 
അന്ധകാരത്തിൻ വളർത്തുമക്കൾ..


എകമാം വീഥിയിൽ ഭയമോടെയണയുന്ന
സോദരിതൻ മാനത്തെ പിചിക്കീറുന്നതിൻ
മൂകസാക്ഷിയാകുന്നീ നിശീഥിനി
 നിർവികാരതയോടെ..


എന്നിട്ടും ഏവരും പ്രണയിക്കുന്നു
പൊരുളറിയാതെന്തിനൊ
നിൻ ഇരുണ്ട രൂപത്തെ..
നിൻ നിസ്സംഗ ഭാവത്തെ..

1 comment: