അസ്തമയം
മരണത്തെപ്പറ്റി
ഓർക്കാത്ത ഒരു ദിവസം
പോലും അവളുടെ ജീവിതത്തിൽ
ഉണ്ടായിരുന്നില്ല. ജീവിതത്തോടുള്ള വെറുപ്പോ സ്നേഹം നടിച്ചു
വഞ്ചിച്ചവരോടുള്ള പകയോ ഒന്നുമല്ല
അതിനു കാരണം. സമൂഹത്തിലെ ഒറ്റപ്പെടലിൻറെ ശ്വാസംമുട്ടൽ സഹിക്കാനാകാത്ത ഒരവസ്ഥ..അതിനെക്കാളുപരി എപ്പോൾ വേണമെങ്കിലും കടന്നുവന്നേക്കാവുന്ന ഒരതിഥിയാണ് മരണം എന്ന തിരിച്ചറിവും..ഉദയസൂര്യനേക്കാൾ അവൾക്കു പ്രിയം അസ്തമയസൂര്യനോടായിരുന്നു..തൻറെ ജീവിതത്തിൽ
ഇനി ഒരു ഉദയം
ഉണ്ടാകാനുള്ള സാധ്യത വിരളമാണ്..അതെ..ഒരു ലോകത്തിൽ
നിന്നും മറ്റൊന്നിലേക്കുള്ള പ്രയാണമാണ്..ആരെയും പഴിക്കാനില്ല.
ആരും എല്പ്പിച്ച ആഘാതമല്ല.
സ്വയം ചോദിച്ചു വാങ്ങിയതാണ്.
എല്ലാവർക്കും ഒരു വിധിയുണ്ട്.
തൻറെ വിധി ഇതായിരിക്കും
എന്ന് മനസ്സിനെ സദാ
ബോധ്യപ്പെടുത്തി കൊണ്ടേയിരുന്നു..
കടൽത്തീരത്ത്
കാറ്റ് വീശുന്നുണ്ടായിരുന്നു..മനസിനും
ശരീരത്തിനും കുളിർമയേകുന്ന സുഖമുള്ള ഒരു കാറ്റ്..ആ കാറ്റിലെവിടെയോ
വരികൾ മറന്നു തുടങ്ങിയ
പാട്ട് കേൾക്കുന്നുണ്ടായിരുന്നു. അതെങ്ങോ
അവളെ കൂട്ടികൊണ്ട് പോകുന്നു..
അലങ്കാരങ്ങളും
ആഘോഷങ്ങളും നിറഞ്ഞ ഒരു രാവ്..ഒരുപക്ഷ എതൊരു സ്ത്രീയുടെയും
ജീവിതത്തിലെ മനോഹരമായ രാവായിരിക്കാം അത്..വിവാഹത്തലേന്നു. ബന്ധുക്കളും നാട്ടുകാരും അങ്ങനെ
പ്രിയപ്പെട്ട എല്ലാവര്ക്കൊപ്പം ഏറ്റവും സന്തോഷത്തോടെയും; എന്നാൽ
വിവാഹജീവിതത്തെ കുറിച്ച് അല്പം ആശങ്കയോടെയും
ചിലവിടുന്ന നിമിഷങ്ങൾ..എന്നാൽ തന്നെ
സംബന്ധിച്ചിടത്തോളം അത് ഭീതിയും
കുറ്റബോധവും നിറഞ്ഞ ഒന്നായിരുന്നു..അവൾ
ഓർത്തു..വേദനയോടെ..
ആരാധനയും സൗഹൃദവും പ്രണയവും പിന്നീട്
കാമം എന്ന വികാരത്തിന്
വഴി മാറിയപ്പോൾ നഷ്ടപ്പെട്ടത്
പലതും വീണ്ടെടുക്കാൻ പറ്റാത്തതായിരുന്നു..അവൾ കണ്ട
ആത്മാർഥതയും നന്മയും വെറും
ചതിക്കുഴികൾ മാത്രമായിരുന്നു എന്ന തിരിച്ചറിവ്
മനസ്സിനെ പിടിച്ചുലച്ചു. വിഭ്രാന്തിയുടെ കാണാക്കയത്തിലേക്ക് തെന്നി വീഴാനൊരുങ്ങിയ മനസ്സിനെ
താങ്ങി നിർത്തിയത് ഉറ്റവർ
തന്ന ധൈര്യവും ആത്മവിശ്വാസവുമാണ്.
അങ്ങനെയാണ് വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് മുതിർന്നതും..
അങ്ങനെ ഒരു ഭാര്യയായി..പിന്നീട് അമ്മയും. സന്തോഷത്തിൻറെ
നല്ല ദിനങ്ങൾക്ക് എപ്പോഴും
ആയുസ്സ് കുറവായിരിക്കുമല്ലോ. പ്രവാസിയായ ഭർത്താവിനു പറ്റിയൊരു
കയ്യബദ്ധം. അതിൽ പൊലിഞ്ഞത് രണ്ടു കുടുംബങ്ങളുടെ സ്വപ്നമായിരുന്നു..അറിഞ്ഞു കൊണ്ടല്ലെങ്കിലും
തൻറെ ഭർത്താവ് ഇല്ലാതാക്കിയ മനുഷ്യന്റെ കുടുംബത്തിനു
മുൻപിൽ അവൾ കൈ നീട്ടി. യാചനകൾക്കൊടുവിൽ വലിയൊരു തുക നല്കാമെന്ന ഉടമ്പടി കരാറിൽ ഒപ്പ് വെക്കേണ്ടി വന്നു..ചിറകു മുളക്കാത്ത
കുരുന്നുകളെയും കൊണ്ട് പലരുടെയും മുൻപിൽ കൈ നീട്ടി..പക്ഷെ നിസ്സഹായായ ഒരു സ്ത്രീയ്ക്ക്
മുൻപിൽ വാതിലുകൾ ഒന്നൊന്നായി കൊട്ടിയടഞ്ഞു. പ്രതീക്ഷയുടെ ഇത്തിരി വെട്ടം അപ്പോഴും അണയാതെ
നെഞ്ചിൽ കത്തിയെരിഞ്ഞ് കൊണ്ടേയിരുന്നു. വിശപ്പിന്റെ അസ്വസ്ഥമായ വിളിക്ക് മുൻപിൽ അലറി
വിളിച്ചു കരയുന്ന കുരുന്നകളെ അവൾ കണ്ടു. ഒപ്പം ഏതോ ഒരു നാട്ടിൽ ഇരുമ്പഴികൾക്കുള്ളിൽ
വിങ്ങുന്ന മുഖമോടെ ഇരിക്കുന്ന തൻറെ പ്രിയപ്പെട്ടവനെയും. ഇടിയും മഴയും ഭൂമിയിലേക്കിറങ്ങി
വന്ന ഭീതിയുളവാക്കുന്ന രാത്രികളിൽ തൻറെ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചു പ്രാർഥനയോടെ ഇരുന്ന
നാളുകളിൽ വാതിൽക്കൽ മുട്ടിയ പല കൈകളെയും വിളിച്ച ശബ്ധങ്ങളെയും അവൾ അവഗണിച്ചു.. പിന്നീട്
എപ്പോഴോ..ഗതികേടിന്റെ ശപിക്കപ്പെട്ട നിമിഷങ്ങളിൽ പലരുടെയും ആഗ്രഹങ്ങൾ തീർക്കുവാനുള്ള
ഒരു യന്ത്രമായി മാറി കൊണ്ടിരുന്നു. വിശപ്പ് മാറിയ കുരുന്നുകളുടെ ചുണ്ടിലെ പുഞ്ചിരിയുടെ
തിളക്കം കണ്ടപ്പോൾ..പ്രിയപ്പെട്ടവനെ തിരിച്ചു കൊണ്ട് വരാമെന്ന പലരുടെയും വാഗ്ദാനങ്ങൾ
കേട്ടപ്പോൾ തെറ്റിനെ തെറ്റുകൾ കൊണ്ട് മൂടിക്കൊണ്ടിരുന്നു. പലപ്പോഴും കുറ്റബോധം മനസ്സിനെ വേട്ടയാടിയപ്പോഴും
പ്രതീക്ഷയുടെ നെരിപ്പോട് ഒരു ആ കണ്ണുകളിൽ കാണാമായിരുന്നു..എണ്ണാവുന്ന
വർഷങ്ങൾക്കൊടുവിൽ കാത്തിരുന്ന പലരും തിരിച്ചു
വന്നപ്പോൾ കൊണ്ട് വന്നത് നന്ദിവാക്കോ
സ്നേഹപ്രകടനമോ അല്ല. കുത്തുവാക്കുകളും
ആക്രോശങ്ങളും നിറഞ്ഞ മറ്റൊരു ജീവിതമായിരുന്നു
തിരികെ കിട്ടിയത്. ചെയ്തതൊക്കെയും
തെറ്റുകൾ ആയിരുന്നു..പക്ഷെ ആ
തെറ്റുകൾ വലിയൊരു ശരിയിലേക്കുള്ള മാർഗങ്ങൾ
ആയിരുന്നെന്നു മാത്രം..മുള്ളുകൾ നിറഞ്ഞ
ചോര പൊടിയുന്ന മാർഗങ്ങൾ.
ഒടുവിലിതാ ചെയ്തികൾക്കെല്ലാം പാരിതോഷികമായി കിട്ടിയതോ മാറാരോഗവും. സമൂഹം
ഒരിക്കലും ഒരു എയിഡ്സ്
രോഗിയെ അംഗീകരിക്കില്ല. അവള്ടെ
സാമിപ്യത്തെ പോലും അവർ
ഭയപ്പെടുന്നു. ശ്വാസത്തിലൂടെയും സ്പർശനതിലൂടെയും പകരുന്ന രോഗമല്ലെന്ന് തിരിച്ചറിഞ്ഞാൽ
കൂടിയും പാപം ചെയ്തവൾ
എന്ന് മുദ്രകുത്തപ്പെടുന്നു.
ജന്മം നല്കിയ മക്കളെ വാരിയെടുത്ത് ഉമ്മ
വെയ്ക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു.
തന്റെ മുഖം കാണുന്നത്
പോലും പലര്ക്കും അരോചകമാകുന്നു.
ഇനിയെന്ത് എന്ന ചോദ്യത്തിന്
മുൻപിൽ ദിശയറിയാതെ പറക്കുന്ന
ഒരു പട്ടം പോലെയാണ്
താനെന്നു അവൾക്കു തോന്നി.
കടൽത്തീരത്ത്
കടല വില്ക്കുന്ന പയ്യന്റെ
സ്വരമാണ് ഓർമകളിൽ നിന്നും ഉണർത്തിയത്.
ആ കുട്ടിയുടെ കണ്ണുകളിൽ
തന്റെ മക്കളുടെ ചിത്രമാണ്
തെളിഞ്ഞത്..കടല നൽകുമ്പോൾ
നിഷ്കളങ്കമായി അവനൊന്നു ചിരിച്ചു. വർഷങ്ങൾക്കു
ശേഷമാണ് ഇത്രയും ആത്മാർതമായൊരു പുഞ്ചിരി
കാണുന്നത്. അവൾ മെല്ലെ
നടന്നു.. ഉറ്റവരുടെ ശകാരങ്ങളും നാട്ടുകാരുടെ
പരിഹാസങ്ങളും കുഞ്ഞുങ്ങളുടെ നിലവിളിയുമെല്ലാം കാതിൽ പെരുമ്പറ
ശബ്ദം പോലെ മുഴങ്ങുന്നു. ഈ ലോകത്ത്
ആര്ക്കും നിർവചിക്കാനാകാത്ത ഒന്നാണ് മനുഷ്യമനസ്സ്. ചിലപ്പോൾ
അത് നമ്മെ ആശ്വസിപ്പിക്കാനെന്ന
പോലെ അടുത്ത് വരും..എന്നിട്ട് തൊട്ടടുത്ത് നിന്ന്
കൈ കൊട്ടി ചിരിക്കും.ഒരുപക്ഷെ ക്രൂരമായി വേദനിപ്പിക്കും.
സൂര്യൻ അതാ അസ്തമിക്കാനൊരുങ്ങുന്നു.
അസ്തമയത്തിന്റെ ചുവപ്പ് നിറത്തിന് കൂടുതൽ
സൗന്ദര്യം അവൾക്കു തോന്നി. കടലിലേക്ക്
താഴുന്ന സൂര്യനോടൊപ്പം അവളുടെ മനസ്സും ഏതോ
ചിന്തയുടെ ഗർത്തത്തിലേക്ക് ആഴ്ന്നു പോയി..
No comments:
Post a Comment