വെളിച്ചം കുറവുള്ള ആ മുറിയുടെ കോണിൽ ഇട്ടിരിക്കുന്ന കസേരയിൽ കൂനി കൂടിയിരിക്കുകയായിരുന്നു വൃദ്ധൻ..നാളുകളായി ഷേവ് ചെയ്യാത്ത, നീണ്ടു വളര്ന്ന മീശയും താടിയും ദേഹത്തെ നരച്ച രോമാവുമെല്ലാം ചേർന്ന് വല്ലാത്തൊരു രൂപമായിരുന്നു അയാൾക്ക്..കസേരയുടെ നേരെയുള്ള സ്റ്റീൽ കൊണ്ടുള്ള അലമാരയുടെ കണ്ണാടിയിലേക്ക് അയാള് മെല്ലെ തന്റെ മുഖമൊന്നുയർത്തി നോക്കി..നിസ്സഹായതയും ദയ്ന്യതയും നിറഞ്ഞ കണ്ണുകളിലെ കണ്ണീർ മറ്റാരെങ്കിലും കാണുമോ എന്ന ഭയത്താൽ അയാൾ വേഗം തൻറെ തോളിലെ മുഷിഞ്ഞ തോർതിനാൽ തുടച്ചു മാറ്റി..
ഒരിക്കൽ കൂടി ആ കണ്ണാടിയിലേക്ക് നോക്കാൻ അയാൾക്ക് തോന്നി..അതിൽ പിന്നീട് പ്രതിഫലിച്ചത് മറ്റു ചില കാഴ്ചകൾ ആയിരുന്നു..ഒരിക്കൽ കണ്ടാൽ വീണ്ടും കാണാൻ കൊതിക്കുന്ന മനോഹരങ്ങളായ ചില കാഴ്ചകൾ..കറുത്ത തലമുടിയുള്ള പാൻറും ഷർട്ടും ധരിച്ചുള്ള തൻറെ ആ പഴയ രൂപത്തെ കണ്ടപ്പോൾ അയാൾക്ക് ഒരുപാടു സന്തോഷം തോന്നി..കൂടെ ചുവപ്പും മഞ്ഞയും സാരീ ധരിച്ച തൻറെ പ്രിയതമയും..വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങളെ ആയിട്ടുണ്ടായുള്ളൂ..സൈക്കിൾ ന്റെ പുറകിൽ തൻറെ പ്രിയപ്പെട്ടവളെ ഇരുത്തി കൊണ്ടുള്ള യാത്രകളും സിനിമ കൊട്ടകയിലിരുന്നു ആർത്തു വിളിച്ചു സിനിമ ആസ്വദിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു..
ഒരുപാട് അംഗങ്ങളുള്ള വലിയൊരു കുടുംബമായിരുന്നു അയാളുടേത്..കാരണവന്മാർക്ക് വെച്ച് വിളമ്പിയും വീട്ടിലെ ബാക്കിയുള്ളവരെ പരിപാലിച്ചും ദിവസങ്ങൾ മുന്നോട്ടു പോയി..പലചരക്കു കടയിലെ വരുമാനം കൊണ്ട് കുടുംബത്തെ പോറ്റിയിരുന്ന അയാൾ എന്നും വൈകീട്ട് വരുമ്പോൾ മടിത്തട്ടിൽ ആരും കാണാതെ പലഹാരങ്ങൾ പൊതിഞ്ഞു കൊണ്ട് വന്നിരുന്നു..തന്റെ പ്രിയതമയ്ക്ക് കൊടുക്കാൻ..അങ്ങനെ സന്തോഷകരമായ ജീവിതനൗകയിൽ തുഴഞ്ഞു നീങ്ങുന്നതിനിടയിൽ സ്വന്തമായൊരു കൊച്ചു വീടായി..മക്കളായി..അവർ വളര്ന്നു..പഠിച്ചു..വിവാഹം ചെയ്തു..അവര്ക്കും മക്കളായി..എല്ലാം കണ്ടു അയാൾ ആസ്വദിച്ചു..ഒപ്പം തന്റെ ജീവിതത്തിലെ എല്ലാ കടമകളും നിർവഹിച ആത്മ സംതൃപ്തിയോടെ...
പിന്നീടു നിനച്ചിരിക്കാത്ത ഒരു വേളയിൽ തന്റെ പ്രിയതമയെ നഷ്ടപെട്ടു..അയാളുടെ ജീവിതത്തിലെ ഒരു പക്ഷെ ഏറ്റവും വലിയ ദുരന്തം അതായിരുന്നിരിക്കണം..പക്ഷെ കാലം മായ്ക്കാത്ത മുറിവുകളുണ്ടോ എന്ന പോലെ മെല്ലെ അതും അയാൾ മറന്നു തുടങ്ങി..മക്കളും പേരക്കുട്ടികളും അടങ്ങുന്ന വലിയ കുടുംബം അയാൾക്കൊപ്പം നിന്ന്..കുടുംബമെന്ന ആൽമരത്തിനു കീഴെ ശുദ്ധവായു ശ്വസിച്ചു അയാൾ കഴിഞ്ഞു.പിന്നീടെപ്പോഴാണ് വിഭ്രാന്തമായ കാഴ്ചകൾ കാണാൻ തുടങ്ങിയത്..?? കേൾക്കുന്നതെല്ലാം അപസ്വരങ്ങളായി മാത്രം തോന്നിത്തുടങ്ങിയത് ..ഓർമയില്ല..അയാള്ക്കൊന്നും ഓർമ കിട്ടുന്നില്ല..എന്തൊക്കെയോ ചില മിന്നായങ്ങൾ മാത്രം..അതിൽ അയാൾ തന്റെ മക്കളുടെ ആക്രോശങ്ങൾ കണ്ടു..മരുമക്കളുടെ പരിഹാസങ്ങൾ കണ്ടു..പേരക്കുട്ടികളുടെ ചുളിഞ്ഞ നെറ്റികൾ കണ്ടു..പിന്നീടു ഓർമ മാഞ്ഞു...
ഇന്ന് വൃദ്ധൻ ഒരു ബാധ്യതയാണ്..എല്ലാവര്ക്കും..ഇന്നോ നാളെയോ വൃദ്ധ സദനത്തിലേക്ക് പോകേണ്ടി വരുമോയെന്ന ഭീതി അയാളെ ഉറക്കത്തിൽ പോലും അലട്ടുന്നുണ്ടാവണം..മരുന്നും മൂത്രവും മണക്കുന്ന ജനാലകൾ തുറക്കാത്ത ആ മുറി മാത്രമാണ് അയാൾക്ക് ഇന്ന് സ്വന്തം..ആ മുറിയുടെ ഇത്തിരി വെട്ടത്തിൽ ഇനി മരണത്തെ മാത്രമേ അയാൾ കാത്തിരിക്കുന്നുള്ളൂ..മരുന്നുകൾ അയാളുടെ കണ്ണുകളിൽ മയക്കം സൃഷ്ട്ടിച്ചു തുടങ്ങിയിരിക്കുന്നു..കണ്ണുകൾ മെല്ലെ അടച്ചു വൃദ്ധൻ നിദ്രയുടെ മാന്ത്രിക ലോകത്തേക്ക് പിന്നെയും കടന്നു..സ്വപ്നങ്ങളിലൂടെ തൻറെ പഴയ ലോകത്തേക്ക് ഓടി ചെല്ലാനുള്ള വെമ്പലോടെ.....
NB: ഇതൊരു ചെറു കഥയല്ല..മറിച്ച് ഒരു ജീവിതാനുഭവം ആണ്..നമുക്ക് ചുറ്റുമുള്ള ലോകത്ത് പലരും വാർധക്യത്തിന്റെ ഏകാന്തത അനുഭവിച്ചു ജീവിക്കുന്നവരുണ്ട്..അവരുടെ ജീവിതതാളുകളിൽ നിന്നും ചീന്തിയെടുത്ത ചെറിയ ഒരേട് മാത്രം..
nyc (superb writing skill)
ReplyDelete