നീ.....
നിന്നിലേക്കുള്ള അകലം അനന്തമാകുന്നുവോ അതോ-
ഞാൻ തേടുന്ന നീയെന്ന സത്യമൊരു പൊയ്മുഖം മാത്രമോ??
ആ മിഴികളിൽ ഞാൻ കണ്ട ഓരോ ഋതുവിലും
സൂനങ്ങൾക്ക് പല വർണമായിരുന്നോ??അതോ-
വീണ്ടുമൊരു കണ്കെട്ട് കളിയുടെ തുടർകഥയായിരുന്നോ...
സ്വപ്‌നങ്ങൾ തൻ ചിറകിലേറി
ഒരു പക്ഷിയെപ്പോൽ ഉയരങ്ങൾ താണ്ടി
ഇണയായി നീയുമെൻ കൂടെ
ചേർന്ന് പറന്നിരുന്നു...
പുതുമഴ ജീവനേകിയാ തളിരുകൾ ഭക്ഷിച്ചു
ഒരു കൊച്ചു ശാഖയിൽ ചിറകുരുമ്മിയിരുന്നു നാം
എന്നിലെ നിന്നെ ഞാൻ അറിഞ്ഞതും
നീ പറഞ്ഞതും എല്ലാം ഒന്നായിരുന്നു..
കാറ്റും മഴയും മഞ്ഞുമെല്ലാം
നിന്റെ ചിറകിനടിയിൽ ഞാനറിഞ്ഞില്ല
ഇരു ദേഹവും ഒരു ദേഹിയും മാത്രമായി
പിന്നെയും നമ്മൾ കഴിഞ്ഞു പോയി..
ഒടുവിൽ മഴ മാറി...
കാറ്റും മഞ്ഞും എങ്ങോ പൊയ്പോയി..
വെയിൽ വന്നു..ഞാൻ ഉണർന്നു..
കണ്ടില്ല നിന്നെ ഞാനെങ്ങും..
മധുരമാം ഓർമ്മകൾ തൻ
പേമാരിയായി നീയെന്നിൽ പെയ്തിറങ്ങവേ
കണ്ടു ഞാൻ..ഉയരങ്ങളിലേക്ക് പറന്നകലുന്ന നിന്നെ..
പുതിയ ചിറകുകൾ വീശി പാറുന്ന നിന്നെ..
എൻറെ നിശബ്ദത..അതൊരു പ്രതിഷേധമല്ല..
എൻറെ തീരാ നൊമ്പരവുമല്ല..
കാലം എന്നോ എപ്പോഴോ മായ്ക്കുവാൻ പോകുന്ന
പുസ്തകതാളിലെ ഒരു വാക്ക് മാത്രം..
ആ വാക്കിന്റെ പൊരുൾ എൻറെ പ്രണയമാകുമ്പോൾ
ആ പൊരുൾ തീർത്ത നീയെന്ന സത്യവും മായ്ക്കപെടുന്നു..
നിന്റെ അധരങ്ങൾ എന്നിലെകിയ ശതകോടി ചുംബനങ്ങൾ
അതോടൊപ്പം മായുന്നു..എന്നെന്നേക്കുമായി...