കറുത്തിരുണ്ട ആകാശത്തേക്ക് പ്രതീക്ഷയുടെ തുള്ളിക്കായ് ഉറ്റു നോക്കുകയായിരുന്നു കുഞ്ഞി. മഴ പെയ്യുന്നത് കാണാൻ അവൾക്കു പണ്ടേ ഇഷ്ടമാണ്. അല്ലെങ്കിലും ആർക്കാണ് മഴയെ ഇഷ്ടമല്ലാത്തത്..വീടിന്റെ ഉമ്മറത്ത് നിന്ന് കൊണ്ട് അമ്മ മഴ കാണിച്ചു തരുമ്പോൾ അത്ഭുതത്തോടെ നോക്കികണ്ടിരുന്ന ഒരു ബാല്യം തനിക്കും ഉണ്ടായിരുന്നു..തെങ്ങോലയും മച്ചിങ്ങയും കൊണ്ട് കളിക്കോപ്പുകളുണ്ടാക്കി തരുമായിരുന്നു വീട്ടില് തെങ്ങ് കയറാൻ വന്നിരുന്ന അപ്പുണ്ണി..അന്നൊക്കെ മുറവും കുട്ടയും ചൂലുമെല്ലാം ഉണ്ടാക്കാൻ പാറുവമ്മ വരാറുണ്ട്..അവർ വീടിന്റെ പുറകു വശത്ത് വന്നിരിക്കും..അമ്മൂമ്മയുടെ വെറ്റില ചെല്ലത്തിൽ നിന്നും ആരും കാണാതെ മുറുക്കാനെടുത്ത് പാറുവമ്മക്ക് കൊടുക്കുമ്പോൾ അവൾ അത്ഭുതപ്പെട്ടിരുന്നു പല്ലില്ലാത്ത പാറുവമ്മ എങ്ങനെ മുറുക്കാൻ ചവക്കുമെന്ന്. കൊയ്ത്തും മെതിയുമായ് പാടത്തും വീട്ടിലുമെല്ലാം നിറയെ ആളുകൾ. കളിക്കാനും മാങ്ങ പറിക്കാനുമൊക്കെ ഒപ്പം കൂടുന്ന അയല്പക്കത്തെ കുറെ കൂട്ടുകാർ..കളി കഴിഞ്ഞു വിശന്നു വരുമ്പോൾ അമ്മയുണ്ടാക്കുന്ന അവൽ നനച്ചത് ആർത്തിയോടെ കഴിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ..ബാലരമയും കളിക്കുടുക്കയുമൊക്കെ ഒഴിച്ച് കൂടാനാവാത്ത സഹചാരികൾ ആയിരുന്നു..
മുഖത്തേക്ക് ഇറ്റുവീണ ഒരു മഴത്തുള്ളി കുഞ്ഞിയെ ഓർമകളിൽ നിന്നും ഉണർത്തി..ചുറ്റും നോക്കി.കണ്ടതെല്ലാം മുൻപേ മാഞ്ഞു പോയ ചിത്രങ്ങളാണെന്ന് സ്വയം പറഞ്ഞു..പക്ഷെ അന്നൊന്നും ഒന്നിലും ഒരു കളങ്കവും താൻ കണ്ടിരുന്നില്ല..വാത്സല്യത്തോടെ ഓമനിക്കുന്ന ഒരു കൂട്ടം ആളുകൾ..എന്തും പരസ്പരം പങ്കിട്ടു കഴിക്കുന്ന കുറെ കൂട്ടുകാർ..അതിലെല്ലാം നന്മയുടെ നിറം മാത്രമേ കണ്ടിരുന്നുള്ളൂ..
എന്നാൽ ഇന്ന് ഈ തിരക്കുള്ള നഗരത്തിലെ കെട്ടിടത്തിന്റെ ഏഴാം നിലയിലിരിക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം തലകീഴായി മറിയുന്ന പോലെ..തീന്മേശയിലെ ചില്ലുപാത്രത്തിൽ ഇരിക്കുന്ന പഴങ്ങൾ മുതൽ അന്തരീക്ഷത്തിലെ വായു പോലും വിഷമയമാണ്..പുറത്തേക്കിറങ്ങിയാൽ കഴുകന്മാരുടെ വൃത്തികെട്ട കണ്ണുകൾ ശരീരത്തിൽ ചുഴിഞ്ഞിറങ്ങുന്നു..പൊതുവഴിയിൽ വെച്ച് വിവസ്ത്രയാക്കപ്പെട്ടു എന്ന് തോന്നും ആ നോട്ടം കണ്ടാൽ..തൊട്ടടുത്തിരുന്നു മൊബൈൽ നോക്കുന്നവർ പോലും അടുത്ത നിമിഷത്തിൽ ചതിക്കുമോ എന്നാ ഭയം ഉള്ളിൽ പേറി നടക്കേണ്ടി വരുമ്പോൾ ഉളള ദൈന്യത..നുണകൾ കൊണ്ട് കണ്ണില പൊടി വിതറുന്ന സ്ഥിരം മുഖങ്ങൾ..എന്തിലും ദ്വയാർത്ഥം മാത്രം കാണുന്ന ചില മനുഷ്യർ..മരണം കാത്തു റോഡിൽ കിടക്കുനത് സ്വന്തം അയൽക്കാരനായാൽ പോലും കണ്ണടച്ചു തിരിഞ്ഞു നടക്കുന്ന കുറെ സ്വാർത്ഥ ജന്മങ്ങൾ..ഇതെല്ലാം കൂടിയ ഒരു വലയത്തിനുള്ളിലാണ് ഇന്ന് ഞാൻ കഴിയുന്നത്..ഞാൻ മാത്രമല്ല എല്ലാവരും..അവളോർത്തു...
മടുപ്പ് തോന്നാറുണ്ട് പലപ്പോഴും..പലരുടെയും മുഖം മൂടികൾ വലിച്ചു കീറാൻ പോലും തോന്നിയ നിമിഷങ്ങളുണ്ട്..പക്ഷെ ഇതും ഒരു ജീവിതമാണ്..മറ്റുള്ളവരെ പോലെ തന്നെ താനും മുന്നോട്ടു പോകണം..ഒരുപക്ഷെ കാലം കുറേ പിന്നിടുമ്പോൾ അവരെപ്പോലെ താനും ആകുമെന്ന് അവൾക്കു തോന്നി..ജനനത്തിനും മരണത്തിനും ഇടയിൽ ഒരു കൊച്ചു ഇടവേള..അതാണീ ജീവിതം..അത് കണ്ണും കാതും തുറന്നു വെച്ച് ജീവിക്കുക..ചുണ്ടിൽ ഒരു പുഞ്ചിരി സദാ അണിയുക..പക്ഷെ എത്രയൊക്കെ മുൻപോട്ടു പോകുമ്പോഴും ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ ആശ്വസിക്കാനും ആനന്ദിക്കാനും തിരിച്ചു കിട്ടാത്തൊരു ബാല്യം തനിക്കുണ്ടല്ലോ..മച്ചിങ്ങയും തെങ്ങോലയും നടുമുറ്റവും പാടവും അവൽ നനച്ചതും അപ്പുണ്ണിയും പാറുവമ്മയും എല്ലാം ചേർന്നൊരു നിറമുള്ള ബാല്യം..
No comments:
Post a Comment