Thursday, April 28, 2016

ഒരു കടൽക്കഥ

കടലിനെ ഞാൻ പ്രണയിച്ചിരുന്നു...പണ്ട്..ശരിയും തെറ്റും വേർതിരിക്കാൻ അറിയാത്ത  പ്രായത്തിൽ..ബാല്യത്തിൻറെ നിഷ്കളങ്കത മറ്റേതൊരു കുട്ടിയേയും പോലെ എനിക്കുമുണ്ടായിരുന്നു..കടലിലെ തിരമാലകൾ ആഞ്ഞടിക്കുമ്പോൾ മനസ്സിലും ആനന്ദം അലയടിച്ചിരുന്നു..കണ്ണുകളിൽ കൗതുകം നിറഞ്ഞിരുന്നു..സന്ധ്യക്ക് സൂര്യനെ വിഴുങ്ങുന്ന കടലിനെ നോക്കി അത്ഭുതത്തോടെ നിന്നിട്ടുണ്ട് പലപ്പോഴും..ഈ കടൽ ഒരു മഹാ പ്രതിഭാസം തന്നെ..ഓരോ തിരകളും കൊണ്ട് വരുന്ന ശംഖുകളും കക്കകളും നിധി പോലെ പെട്ടിയിൽ സൂക്ഷിച്ചിരുന്നു അന്ന്..ആരൊക്കെയോ പറഞ്ഞു തന്ന മത്സ്യകന്യകയുടെ കഥ കേട്ട്  കടലിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടു പോകാൻ വെമ്പിയ നിമിഷങ്ങൾ..കടലിനടിയിലും കൊട്ടാരമുണ്ടത്രേ..പലപ്പോഴും സ്വപ്നങ്ങളിൽ തെളിയാറുണ്ട് ആ സ്ഫടിക കൊട്ടാരം..വഞ്ചിയുമായി മീൻ പിടിക്കാൻ കടലിൽ പോകുന്ന ആളുകളെ കാണുമ്പോൾ 'അവരുടെ ഒരു ഭാഗ്യം' എന്ന് ചിന്തിച്ചു അസൂയപ്പെട്ടിരുന്നു..

പിന്നീടൊരിക്കൽ 'ചെമ്മീൻ' എന്ന സിനിമ  കണ്ടപ്പോൾ ആണ് കടലിൽ ചുഴികൾ ഉണ്ടെന്നും അതിൽ അകപ്പെട്ടാൽ മരണമാണെന്നും തിരിച്ചറിഞ്ഞത്..സത്യത്തിൽ കടലിനോടുള്ള ഭയം എന്ന വികാരത്തിന് ഞാനടിമപ്പെട്ടു തുടങ്ങിയത് അന്നാണ്..എങ്കിലും കടൽ കാണാനുള്ള മോഹം കെട്ടടങ്ങിയിരുന്നില്ല..പക്ഷെ പിന്നീട് പലപ്പോഴും കടൽ കാണുമ്പോൾ ഭയത്തിൻറെ കരിനിഴൽ ഞാനറിയാതെ എന്നെ വിഴുങ്ങാൻ തുടങ്ങിയിരുന്നു..ഒരു പക്ഷെ നാം കൂടുതൽ വിദ്യാസമ്പന്നർ ആകുമ്പോഴാകും വികാരവിചാരങ്ങൾ നമ്മെ പെട്ടെന്ന് കീഴ്പ്പെടുത്തുന്നത്..കടലിനെ കുറിച്ച് കൂടുതൽ അറിയുമ്പോൾ ആ ഭയം കൂടി കൂടി വന്നു..പക്ഷെ ചുറ്റുമുള്ളവർക്ക് മുൻപിൽ അത് പ്രകടമാകുമ്പോൾ ഉണ്ടായേക്കാവുന്ന നാണക്കേട് ഓർത്തുകൊണ്ട് വലിയ ധൈര്യശാലിയായി പുറമേ നടിച്ചു..
കടലിൻറെ അഗാധ ഗർത്തം..അതിൽ അകപ്പെട്ടു പൊലിഞ്ഞു പോകുന്ന ജീവനുകൾ..മത്സ്യബന്ധനത്തിനു പോയി തിരികെ വരാത്തവരെ കുറിച്ചുള്ള നിരന്തരമായ വാർത്തകൾ,സുനാമി കവർന്നെടുത്ത ഒരുപാട് പാവം മനുഷ്യർ, അനിമൽ പ്ലാനെറ്റിൽ സ്ഥിരം കാണാറുള്ള നരഭോജികളായ കൂറ്റൻ സ്രാവുകൾ, തിമിംഗലങ്ങൾ, അനന്തമായ സാഗരത്തിൽ ആർതട്ടഹസിക്കുന്ന തിരമാലകൾ..ഇതെല്ലാം ഉള്ളിലെ ഭയത്തെ ആളികത്തിക്കാൻ പ്രാപ്തമായവയായിരുന്നു..

കരയിൽ എന്തെഴുതിയാലും മായ്ക്കാൻ കഴിവുള്ള തിരമാലകൾ..കൊടും ചൂടുള്ള സൂര്യനെപ്പോലും തന്നിലലിയിക്കാൻ ശക്തിയുള്ള മഹാസാഗരം..ഭീകരമായ അലകളാൽ ഈ ലോകത്തെ മുഴുവൻ വിഴുങ്ങാൻ സാധിക്കുന്ന ആരിലും ഒരിക്കലെങ്കിലും ഭയം ജനിപ്പിക്കാൻ കഴിവുള്ള സമുദ്രത്തെ ഞാൻ ഹൃദയം കൊണ്ട് സ്നേഹിക്കുന്നു..എന്നാൽ തലച്ചോറ്  കൊണ്ട് വെറുക്കുന്നു..

Friday, April 15, 2016

The ones left behind

Slowly, steadily comes the man
with a half broken vessel
Closer he comes; the shabby clothes
too viewed half torn..

Dusty brown hair 
Sleepy tiny eyes
Dried and pale lips
Shows what he do

Beggary is what he does
but never he a beggar
None is born as the same
who ought to live as the same..

He kisses each penny he gets
with a smile of joy
Hunger is what he suffers
Food is what he needs..

We the luckiest ones
eat and drink more
but throws away plenty
being the tummy full..

Neither of us save some food
nor do recall the hungry faces
roaming in the streets
sleeping in hovels and slums..

Open the eyes and view around
Sharpen the ears and be alert
let us proffer an aid
to the ones who starve..

Worship places we visit often
pray for own good
Let us help the poor
and see our God's smile on them..






Sunday, April 10, 2016

തിരിച്ചു വരാത്തത്


കറുത്തിരുണ്ട ആകാശത്തേക്ക് പ്രതീക്ഷയുടെ തുള്ളിക്കായ്‌ ഉറ്റു നോക്കുകയായിരുന്നു കുഞ്ഞി. മഴ പെയ്യുന്നത് കാണാൻ അവൾക്കു പണ്ടേ ഇഷ്ടമാണ്. അല്ലെങ്കിലും ആർക്കാണ് മഴയെ ഇഷ്ടമല്ലാത്തത്‌..വീടിന്റെ ഉമ്മറത്ത്‌ നിന്ന് കൊണ്ട് അമ്മ  മഴ കാണിച്ചു തരുമ്പോൾ അത്ഭുതത്തോടെ നോക്കികണ്ടിരുന്ന ഒരു ബാല്യം തനിക്കും ഉണ്ടായിരുന്നു..തെങ്ങോലയും മച്ചിങ്ങയും കൊണ്ട് കളിക്കോപ്പുകളുണ്ടാക്കി തരുമായിരുന്നു വീട്ടില് തെങ്ങ് കയറാൻ വന്നിരുന്ന അപ്പുണ്ണി..അന്നൊക്കെ മുറവും കുട്ടയും ചൂലുമെല്ലാം ഉണ്ടാക്കാൻ പാറുവമ്മ വരാറുണ്ട്..അവർ വീടിന്റെ പുറകു വശത്ത് വന്നിരിക്കും..അമ്മൂമ്മയുടെ വെറ്റില ചെല്ലത്തിൽ നിന്നും ആരും കാണാതെ മുറുക്കാനെടുത്ത് പാറുവമ്മക്ക് കൊടുക്കുമ്പോൾ അവൾ അത്ഭുതപ്പെട്ടിരുന്നു പല്ലില്ലാത്ത പാറുവമ്മ എങ്ങനെ മുറുക്കാൻ ചവക്കുമെന്ന്. കൊയ്ത്തും മെതിയുമായ് പാടത്തും വീട്ടിലുമെല്ലാം നിറയെ  ആളുകൾ.  കളിക്കാനും മാങ്ങ പറിക്കാനുമൊക്കെ ഒപ്പം കൂടുന്ന അയല്പക്കത്തെ കുറെ കൂട്ടുകാർ..കളി കഴിഞ്ഞു വിശന്നു വരുമ്പോൾ അമ്മയുണ്ടാക്കുന്ന അവൽ നനച്ചത്‌ ആർത്തിയോടെ കഴിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ..ബാലരമയും കളിക്കുടുക്കയുമൊക്കെ ഒഴിച്ച് കൂടാനാവാത്ത സഹചാരികൾ ആയിരുന്നു..

മുഖത്തേക്ക് ഇറ്റുവീണ ഒരു മഴത്തുള്ളി കുഞ്ഞിയെ ഓർമകളിൽ നിന്നും ഉണർത്തി..ചുറ്റും നോക്കി.കണ്ടതെല്ലാം മുൻപേ മാഞ്ഞു പോയ ചിത്രങ്ങളാണെന്ന് സ്വയം പറഞ്ഞു..പക്ഷെ അന്നൊന്നും ഒന്നിലും ഒരു കളങ്കവും താൻ കണ്ടിരുന്നില്ല..വാത്സല്യത്തോടെ ഓമനിക്കുന്ന ഒരു കൂട്ടം ആളുകൾ..എന്തും പരസ്പരം പങ്കിട്ടു കഴിക്കുന്ന കുറെ കൂട്ടുകാർ..അതിലെല്ലാം നന്മയുടെ നിറം മാത്രമേ കണ്ടിരുന്നുള്ളൂ..

എന്നാൽ ഇന്ന് ഈ തിരക്കുള്ള നഗരത്തിലെ കെട്ടിടത്തിന്റെ ഏഴാം നിലയിലിരിക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം തലകീഴായി മറിയുന്ന പോലെ..തീന്മേശയിലെ ചില്ലുപാത്രത്തിൽ ഇരിക്കുന്ന പഴങ്ങൾ മുതൽ അന്തരീക്ഷത്തിലെ വായു പോലും വിഷമയമാണ്..പുറത്തേക്കിറങ്ങിയാൽ കഴുകന്മാരുടെ വൃത്തികെട്ട കണ്ണുകൾ ശരീരത്തിൽ ചുഴിഞ്ഞിറങ്ങുന്നു..പൊതുവഴിയിൽ വെച്ച് വിവസ്ത്രയാക്കപ്പെട്ടു എന്ന് തോന്നും ആ നോട്ടം കണ്ടാൽ..തൊട്ടടുത്തിരുന്നു മൊബൈൽ നോക്കുന്നവർ പോലും അടുത്ത നിമിഷത്തിൽ ചതിക്കുമോ എന്നാ ഭയം ഉള്ളിൽ പേറി നടക്കേണ്ടി വരുമ്പോൾ ഉളള ദൈന്യത..നുണകൾ കൊണ്ട് കണ്ണില പൊടി വിതറുന്ന സ്ഥിരം മുഖങ്ങൾ..എന്തിലും ദ്വയാർത്ഥം മാത്രം കാണുന്ന ചില മനുഷ്യർ..മരണം കാത്തു റോഡിൽ കിടക്കുനത് സ്വന്തം അയൽക്കാരനായാൽ പോലും കണ്ണടച്ചു തിരിഞ്ഞു നടക്കുന്ന കുറെ സ്വാർത്ഥ ജന്മങ്ങൾ..ഇതെല്ലാം കൂടിയ ഒരു വലയത്തിനുള്ളിലാണ് ഇന്ന് ഞാൻ കഴിയുന്നത്‌..ഞാൻ മാത്രമല്ല എല്ലാവരും..അവളോർത്തു...

മടുപ്പ് തോന്നാറുണ്ട് പലപ്പോഴും..പലരുടെയും മുഖം മൂടികൾ വലിച്ചു കീറാൻ പോലും തോന്നിയ നിമിഷങ്ങളുണ്ട്..പക്ഷെ ഇതും ഒരു ജീവിതമാണ്..മറ്റുള്ളവരെ പോലെ തന്നെ താനും മുന്നോട്ടു പോകണം..ഒരുപക്ഷെ കാലം കുറേ പിന്നിടുമ്പോൾ അവരെപ്പോലെ താനും ആകുമെന്ന് അവൾക്കു തോന്നി..ജനനത്തിനും മരണത്തിനും ഇടയിൽ ഒരു കൊച്ചു ഇടവേള..അതാണീ ജീവിതം..അത് കണ്ണും കാതും തുറന്നു വെച്ച് ജീവിക്കുക..ചുണ്ടിൽ ഒരു പുഞ്ചിരി സദാ അണിയുക..പക്ഷെ എത്രയൊക്കെ മുൻപോട്ടു പോകുമ്പോഴും ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ ആശ്വസിക്കാനും ആനന്ദിക്കാനും തിരിച്ചു കിട്ടാത്തൊരു ബാല്യം തനിക്കുണ്ടല്ലോ..മച്ചിങ്ങയും തെങ്ങോലയും നടുമുറ്റവും പാടവും അവൽ നനച്ചതും അപ്പുണ്ണിയും പാറുവമ്മയും എല്ലാം  ചേർന്നൊരു നിറമുള്ള ബാല്യം..

Monday, April 4, 2016

നിഴൽ


വിജനമാം പാതയിലൂടെ നടന്നു ഞാൻ നീങ്ങവേ
എൻറെ സഹചാരിയായ് കൂടെ നീയുണ്ട്
എവിടേക്കോ എന്തിനോ എന്ന ചോദ്യശരമില്ലാതെ
എന്നും എന്നോടൊപ്പം നീ മാത്രം..

ഞാനില്ലെങ്കിലോ നീയും ശൂന്യം
എനിക്കായ് കാത്തു നിൽപതു നീ മാത്രം
ബന്ധങ്ങൾ തൻ ബന്ധനങ്ങൾ വേർപെടുമ്പോഴും
കൈവിടാതെ എന്നും കൂട്ടിരിക്കുന്നു നീ..

ഒരു വേള ഞാൻ എന്ന സത്യം
വെറുമൊരു മിഥ്യയായി നീറിടുമ്പോൾ
എന്നിലെ ഞാനായ് കൂടെയൊഴിയുന്നു
എൻറെ നിഴലെന്ന ഉറ്റ തോഴൻ..