പ്രവാസി
മരുഭൂവിലെ മണൽ കാറ്റിലും സുഗന്ധ ശകലങ്ങൾ തേടുന്നവൻ
ഒരു മരുപ്പച്ചക്കായ് എപ്പോഴെങ്കിലുമൊക്കെ കൊതിക്കുന്നവൻ
മോഹങ്ങൾ പട്ടടയായി എരിഞ്ഞു തീരുമ്പോഴും
ജീവിതം എന്ന സത്യത്തിനു മുൻപിൽ
കരുത്താർജ്ജിച്ചു പട വെട്ടുന്നവൻ...
വിയർപ്പ്പിൽ കുതിർന്ന റൊട്ടി കഷ്ണം
അതൊരു ദയവാണോ?
അതൊരു പക്ഷെ അവന്റെ ത്യാഗത്തിന്റെ പ്രതിഫലമാകാം
അല്ലെങ്കിൽ ജീവിതം അവനു സമ്മാനിച്ച..കയ്പുനീരിന്റെ..
അനന്തര ഫലമാകാം
അതുമല്ലെങ്കിൽ..
ശ്വാസം നിലനിർത്താൻ ദൈവം നല്കിയ
അവസാന മാർഗമാകാം..
അനേകം പേർക്ക് ശീതവായുവേകാൻ
ഈ തണല്മരതിനെ കഴിയൂ...
ശാഖകൾ
ഇലകൾ
പൂക്കൾ
കായ്കൾ
ഇതെല്ലാം ഇതിനെ ഉള്ളൂ...
അവൻ നോക്കുന്നു...
മണൽ പരപ്പുകളിലേക്ക്..
പതിനൊന്നാം നിലയ്ക്ക് മുകളില നിന്നും..
അവിടെ സ്വർണം പൂശിയ സൌധമുണ്ട്
തേനും തിനയും നിറച്ച വെള്ളി തളികയുണ്ട്
പരിചരിക്കുവാൻ നിറയെ ആളുകളുണ്ട്
നിദ്രയിലലിയാനയ് പട്ടു കിടക്കയുണ്ട്
മുറിയിലെ പഴയ കണ്ണാടി
അവൻ അതിലേക്കു നോക്കി..
അതിൽ തെളിഞ്ഞ രൂപത്തെ നോക്കി
അതിലവൻ തന്റെ വിളറിയ വദനം കണ്ടു
കുഴിഞ്ഞ മിഴികൾ കണ്ടു
വളഞ്ഞ ഗാത്രത്തെ കണ്ടു
മതി..
ഈ ജന്മം എനിക്ക് തന്ന സമ്മാനം
സംതൃപ്തിയുടെ നിറവിൽ അവൻ സ്തബ്ധനായ്
"കളവാണ്..ഈ കണ്ണാടി വലിയൊരു കളവാണ്
ഇതിൽ മിഥ്യ മാത്രം..സത്യമില്ല.."
വെറുതെ എന്നറിഞ്ഞിട്ടും
സ്വയം പഴിക്കാതെ
ആരെയും പഴിക്കാതെ
അവൻ ആ മുകുരത്തിലെ പ്രതിഫലനത്തെ മാത്രം
പഴിച്ചു...ശപിച്ചു.....